കൊട്ടാരക്കര: കോട്ടാത്തലയിൽ അമ്മയേയും മകനേയും വീടുകയറി അക്രമിച്ച സംഘത്തിലൊരുവനെ ഇരുവരും ചേർന്നു പിടിച്ചു കെട്ടി. സ്ഥലത്തെത്തിയ പോലീസ് അക്രമിയെ അറസ്റ്റു ചെയ്തു. കോട്ടാത്തല വയലിക്കട ചരിപ്പുറത്തുവീട്ടിൽ വിപിൻ(32) ആണ് അറസ്റ്റിലായത്. കാപ്പാകേസിലുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് വിപിൻ എന്നു പോലീസ് പറയുന്നു. സംഘത്തിലുണ്ടായിരുന്ന വിപിന്റെ സുഹൃത്ത് വിഷ്ണു, വിശാഖ് എന്നിവരെ പോലീസ് തെരയുന്നു.
വിഷ്ണുവും നിരവധി കേസുകളിൽ പ്രതിയാണ്. കോട്ടാത്തല അരുൺഭവനത്തിൽ അരുൺജിത്ത് (44), അമ്മ ഇന്ദിരാഭായി(68) എന്നിവർക്കു നേരെ ആയിരുന്നു അക്രമം. തലയ്ക്കു കുത്തേറ്റ അരുണും മർദ്ദനമേറ്റ ഇന്ദിരാഭായിയും കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകുന്നേരം മൂന്നോടെ ആയിരുന്നു സംഭവം. അരുണിനെ തിരഞ്ഞെത്തിയ സംഘം വീട്ടിൽ കടന്നു അക്രമം കാട്ടുകയായിരുന്നു. കത്തികൊണ്ടു തന്നെ കുത്താൻ ശ്രമിച്ചെന്നും തടയാൻ ശ്രമിക്കുന്നതിനിടെ തലയിൽ മുറിവേറ്റെന്നും അരുൺ പറയുന്നു.
അരുണിനെ അക്രമിക്കുന്നതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇന്ദിരാഭായിക്കും മർദ്ദനമേറ്റത്. അടികൊണ്ടു നിലത്തു വീണിട്ടും അരുൺജിത്ത് പ്രതികളിലൊരാളുടെ കാലിൽ നിന്നും പിടുത്തം വിട്ടില്ല. മറ്റുള്ള പ്രതികളെ തടഞ്ഞു നിർത്താൻ ഇന്ദരാഭായി പരിശ്രമിച്ചെങ്കിലും അക്രമികൾ തള്ളിയിട്ട് കടന്നുകളഞ്ഞു. തുടർന്നാണ് ഇരുവരും ചേർന്ന് വിപിനെ പിടിച്ചു കെട്ടിയത്.
രണ്ടു ദിവസം മുമ്പ് കോട്ടാത്തലയിൽ ക്ഷേത്രത്തിൽ കൈകൊട്ടിക്കളിക്കിടെ അക്രമം ഉണ്ടായിരുന്നു. സംഭവത്തിൽ കരുതൽ തടങ്കലിലായിരുന്ന വിപിനെയും വിഷ്ണുവിനെയും ചൊവ്വാഴ്ചയാണ് പോലീസ് വിട്ടയച്ചത്. സ്റ്റേഷനിൽ നിന്നിറങ്ങിയ ഇവർ അരുണിനെ വീടുകയറി അക്രമിക്കുകയായിരുന്നു. അരുണിന്റെ വീടിനു സമീപമുള്ള കളത്തട്ടിൽ മദ്യപാനവും അസഭ്യം വിളിയും പതിവായിരുന്നു. ഇതു ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് തന്നെ അക്രമിച്ചതെന്ന് അരുൺ പറയുന്നു.